കൊല്ലം: സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സുരക്ഷാ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്തുതന്നെ അധ്യാപകർക്ക് പാമ്പുപിടിത്ത പരിശീലനം നല്കാന് വനംവകുപ്പ് രംഗത്തിറങ്ങുന്നു. ഇതുസംബന്ധിച്ചു ആദ്യഘട്ട പരിശീലനം പാലക്കാടാണ് ആരംഭിക്കുന്നത്.
പാലക്കാട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ചു നോട്ടീസ് അയച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായ പാമ്പുപിടുത്തം സംബന്ധിച്ച് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു ദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിവരമാണ് വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെ അറിച്ചിരിക്കുന്നത്.
11ന് രാവിലെ ഒമ്പതുമുതല്‍ പരിശീലനം ഒലവക്കോട് ആരണ്യ ഭവന് കോമ്പൗണ്ടില്‍ നല്‍കും. ഈ പരിശീലനപരിപാടിയിലേക്ക് പാലക്കാട് ജില്ലയിലെ താല്പര്യമുള്ള സ്കൂള്‍ അധ്യാപകരെപങ്കെടുപ്പിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തനാളുകളില്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കു പാമ്പുകടിയേറ്റതും പാമ്പുകടിയേറ്റു മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരമൊരുനീക്കം. സുല്‍ത്താന്‍ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്തുവയസുകാരി പാമ്പുകടിയേറ്റു മരിച്ചിരുന്നു.